Sunday, February 1, 2015

പൗലോ കൊയ്‌ലോ - അഡല്‍റ്ററി, പൂര്‍ണതയുടെ - മറ്റൊരു വശം

    മുപ്പതുകളിലെത്തിയ തന്റെ വിരസജീവിതത്തില്‍ നിന്നും രക്ഷനേടാന്‍ ഭുതകാലത്തിന്റെ ഏടുകളിലേക്കു തിരിച്ചു പോകുന്ന 'ലിന്‍ഡ' എന്ന മാധ്യമപ്രവര്‍ത്തകയുടെ കഥയാണ് പൗലോ കൊയ്‌ലോ അഡല്‍റ്ററിയിലൂടെ പറയുന്നത്. യാഥാര്‍ത്ഥ്യബോധത്തില്‍നിന്നു വ്യതിചലിക്കാതെത്തന്നെ തന്റെ ഭാവനാ സമ്പുഷ്ടമായ സാഹിത്യം കൊണ്ട് ഒരു പുതിയ കഥ വരച്ചുചേര്‍ക്കുകയാണ് പൗലോ അഡല്‍റ്ററിയിലൂടെ.
    ലിന്‍ഡ തേടിപ്പോകുന്നത് ഭുതകാലത്തിലെ തന്റെ സ്‌നേഹത്തിലേക്കാണ്. പൂര്‍വ്വകാമുകനും രാഷ്ട്രീയക്കാരനുമായ വ്യക്തിയെ കണ്ടുമുട്ടുന്നതോടെ ലിന്‍ഡയിലെ അമ്മയും സ്ത്രീയും മറ്റൊരാളായി മാറുകയാണ്. വിവാഹേതരബന്ധമെങ്കില്‍ക്കൂടി,അവരുടെ പ്രണയം മറ്റൊരുതലത്തില്‍നിന്നു വിവരിക്കുകയാണ് അഡല്‍റ്ററി.
തന്റെ എല്ലാ കൃതികളിലുമുള്ളത്‌പോലെ തന്നെ ബൈബിള്‍ ഉദ്ധരണികളിലുടെയാണ് അഡല്‍റ്ററിയും പൗലോ തുടങ്ങുന്നത്. ആല്‍ക്കമിസ്റ്റ്, ബ്രിഡ, സഹീര്‍ ഇവയിലെല്ലാം തന്നെ യാഥാര്‍ത്ഥ്യജീവിതത്തെ മറ്റൊരു വീക്ഷണകോണില്‍ നിന്നാണ് പൗലോ കൊയ്‌ലോ കാണുന്നത്.ഇതേ രീതി തന്നെയാണ് അഡല്‍റ്ററിയിലും അദ്ദേഹം മുന്നോട്ടു വയ്ക്കുന്നത്.
    ഒരു കുടുംബജീവിതം എത്രതന്നെ തൃപ്തികരമെങ്കില്‍ക്കൂടി അത് ഒരു സ്ത്രീയെ തൃപ്തിപ്പെടുത്തുന്നുവോ എന്നതിന്റെ നേരന്വേഷണമാണ് അഡല്‍റ്ററി.നഷ്ടമുള്ളതിനെ തേടിപ്പോകുന്ന മനുഷ്യന്റെ സ്വത്വബോധത്തിന്റെ ഉള്‍ക്കാഴ്ചയാണ് അഡല്‍റ്ററിയുടെ പ്രധാന ആകര്‍ഷണം. 
    പ്രസിദ്ധീകരിച്ച നാള്‍ തൊട്ട് ലോകമെമ്പാടുമുള്ള പുസ്തകപ്രേമികളുടെ പ്രശംസ പിടിച്ചുപറ്റാന്‍ അഡല്‍റ്ററിക്കു കഴിഞ്ഞു. ബെസ്റ്റ്‌സെല്ലറുകളായ പുസ്തകങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു അഡല്‍റ്ററിയും.

സരിത ശങ്കര്‍

No comments:

Post a Comment