Sunday, February 1, 2015

വര്‍മ്മയോടൊത്ത്...

നവമാധ്യമങ്ങളുടെ കടന്നുകയറ്റം ഇത്തരത്തിലുള്ള പുസ്തകമേളയുടെ പ്രധാന്യം കുറയ്ക്കുന്നുണ്ടോ?
    പുതിയ സാങ്കേതികവിദ്യകള്‍ വികസിക്കുമ്പോഴും പുസ്തകമേളകളുടെ പ്രാധാന്യം കുറയുന്നില്ല. എങ്കിലും പുസ്തകം ഒരു അലങ്കാര വസ്തുവായി കുറേയാളുകള്‍ കാണുന്നുണ്ട്. നിമിഷങ്ങള്‍ക്കുള്ളില്‍ വിരല്‍ത്തുമ്പില്‍ വിവരങ്ങള്‍ ലഭ്യമാകുന്നതിനാല്‍ അത്തരത്തിലുള്ള വായനയ്ക്കാണ് ആളുകള്‍ പ്രാധാന്യം നല്‍കുന്നത്.കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് പുസ്തകമേളകള്‍ക്കും മാറ്റം സംഭവിക്കും.


യുവതലമുറയിലെ എഴുത്തിനെക്കുറിച്ച്...
    അനന്തമായ അവസരങ്ങളാണ് ഇന്നത്തെ യുവതലമുറയെ കാത്തിരിക്കുന്നത്. സ്‌കൂള്‍-കോളജ് പഠനകാലം മുതല്‍ അതിനുള്ള അവസരം ലഭ്യമാക്കുന്നുണ്ട്. സാഹിത്യമേഖലകളെക്കാളുപരിയായി ദൃശ്യമാധ്യമാധ്യമരംഗത്തേക്ക് കടക്കാനാണ് കുടുതല്‍ ആളുകളും ശ്രമിക്കുന്നത്. പ്രതിഭ കുറഞ്ഞവര്‍ എഴുത്തിന്റെ വഴിയില്‍ എത്തിപ്പെട്ടു പോകുകയാണ് ചെയ്യുന്നത്.

പെരുമാള്‍ മുരുകന്റെ തീരുമാനത്തെപ്പറ്റി താങ്കളുടെ നിലപാടെന്താണ് ?
    തമിഴ് സാഹിത്യത്തില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഒരു സാഹിത്യകാരന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ഈ വിവാദത്തിലൂടെയാണ്. ഏറെയൊന്നും പ്രാധാന്യം കൊടുക്കേണ്ട ഒരു വിഷയമായി തോന്നുന്നില്ല. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന സാഹിത്യകാരന്മമാര്‍ ഇത്തരത്തിലുള്ള ഒരു അഭിപ്രായപ്രകടനം നടത്തിയാല്‍ മാത്രമേ ഇതൊരു പ്രധാനവിഷയമാകുന്നുള്ളു.

ക്രിക്കറ്റ്, ഗോള്‍ തുടങ്ങിയ താങ്കളുടെ രണ്ട് നോവലുകള്‍ കായിക സ്‌നേഹം വെളിവാക്കുന്നതാണല്ലോ, സ്‌പോര്‍ട്‌സിനെ സാഹിത്യവുമായി ബന്ധപ്പെടുത്താനുള്ള പ്രചോദനമെന്തായിരുന്നു ?
    സ്‌പോര്‍ട്‌സിനെപ്പറ്റി മാത്രമല്ല ഓഹരി വിപണിയെപ്പറ്റിയും ഞാന്‍ പുസ്തകമെഴുതിയിട്ടുണ്ട്. അത് ഏതെങ്കിലും പ്രത്യേക വിഷയത്തേപ്പറ്റിയുള്ള ഇഷ്ടംകൊണ്ടല്ല പല വിഷയത്തിലും എനിക്കുള്ള അറിവ് മറ്റുള്ളവരുമായി പങ്കുവെയ്ക്കുകയാണ്  ഇതിലൂടെ ഉദ്ദേശിക്കുന്നത്.

പുതിയകാല പത്രപ്രവര്‍ത്തനം മൂല്യബോധത്തിന്റെ അതിര്‍വരമ്പുകള്‍ കടക്കുന്നുണ്ടോ ?
    കടക്കുന്നതായി തോന്നുന്നില്ല. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെട്ടു നില്‍ക്കുന്ന ചിലര്‍ അത് ചെയ്യുന്നുണ്ട്. രാഷ്ട്രീയം സാമൂഹ്യമായ പ്രശ്‌നങ്ങളെക്കാള്‍ പെരുപ്പിച്ചു കാണിക്കുന്നത് ഇന്നത്തെ മാധ്യമങ്ങളുടെ ഒരു ശൈലിയായി മാറിയിട്ടുണ്ട്. വളര്‍ന്നുവരുന്ന തലമുറയുടെ ചിന്താശേഷിക്കുമാത്രമേ ഇതിന് തടയിടാന്‍ കഴിയൂ.....

[പ്രശസ്ത നോവലിസ്റ്റ് കെ. എല്‍. മോഹനവര്‍മ്മയുമായി പ്രസ്സ്‌ക്ലബ്ബ് ജേര്‍ണലിസം വിദ്യാര്‍ത്ഥികളായ ചിത്ര സി. നായര്‍, സരിത ശങ്കര്‍ എന്നിവര്‍ നടത്തിയ അഭിമുഖത്തില്‍നിന്നും...]

No comments:

Post a Comment