Wednesday, February 4, 2015

പെരുമാള്‍ മുരുകന്‍ ഓര്‍മിപ്പിക്കുന്നത്... perumal murugan

പെരുമാള്‍ മുരുകന്‍

    അനുവദനീയമായവ മാത്രം എഴുതുക എന്നതിലേക്ക് നമ്മുടെ സാഹിത്യരചനാ സ്വാതന്ത്ര്യം ചുരുങ്ങിയോ എന്ന ചോദ്യം ആശങ്കാജനകമാണ്. തൂലികയ്ക്കുമുകളില്‍ കുടുക്കിട്ട് അതിന്റെ ഒരറ്റം പിടിച്ചുവലിക്കുന്ന രാഷ്ട്രീയ-ജാതി-സാമൂഹ്യ സംഘടനകള്‍ എഴുത്തിനെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്?

    2015 ജനുവരി 13 ഇന്ത്യന്‍ സാഹിത്യചരിത്രത്തിലെ ഉണങ്ങാത്ത മുറിവാണ്. 'മാതൊരുഭാഗന്‍' എന്ന കൃതിയുടെ കര്‍ത്താവായ പെരുമാള്‍ മുരുകന്‍ എന്ന തമിഴ് എഴുത്തുകാരന്‍, ജാതി-രാഷ്ട്രീയ സംഘടനകളുടെ ശക്തമായ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ തന്റെ എഴുത്ത് അവസാനിപ്പിക്കുകയാണ് എന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ ദിനമാണത്.
സച്ചിദാനന്ദനേയും സക്കറിയയേയും അരുന്ധതി റോയിയേയും പോലൂള്ള പ്രമുഖ എഴുത്തുകാര്‍ പെരുമാള്‍ മുരുകന് പിന്തുണയുമായി മുമ്പോട്ടുവരുന്നുണ്ടെങ്കിലും ഉയര്‍ന്നുവരുന്ന ആശങ്കകളില്‍നിന്ന് ഒളിച്ചോടാന്‍ നമുക്ക് കഴിയില്ല.

    രചനാസ്വാതന്ത്ര്യത്തെ തടഞ്ഞുനിര്‍ത്താന്‍ മാത്രം ബാലിശമാണോ നമ്മുടെ ജാതി-രാഷ്ട്രീയ ആശയസംഹിതകള്‍? കൂട്ടിലടച്ച തത്തയെപ്പോലെ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണെങ്കില്‍ എഴുത്തുകാരുടെ സമൂഹം നമുക്കെന്തിനാണ്? ഇങ്ങനെ ചെറുതും വലുതുമായ നൂറുകണക്കുനു ചോദ്യങ്ങളാണ് പെരുമാള്‍ മുരുകന്‍ തൊടുത്തുവിടുന്നത്.

    പെരുമാള്‍ മുരുകന് എഴുത്തു നിര്‍ത്തേണ്ടിവന്നത് തമിഴ്‌നാട്ടിലല്ലേ എന്നു കരുതി ആശ്വസിക്കാന്‍ വരട്ടെ. കേരളത്തിന്റെ ജാതി-രാഷ്ട്രീയ സമവാക്യങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്. തൂലികയ്ക്കുമുകളില്‍ കുടുക്കുമായി കാത്തിരിക്കുന്ന അനേകര്‍ നമുക്ക് പിന്നിലുണ്ട്.

    പറയാന്‍ അനുവാദമുള്ളതുമാത്രം പറയാന്‍ സാഹിത്യകാരന്റെ ആവശ്യമില്ല. അതിന് ചന്തക്കവലകളില്‍ പ്രസംഗിക്കുന്ന രാഷ്ട്രീയക്കാര്‍ മതി. പറയാനുള്ളവ എഴുതി ചെറുകടലാസുകളിലായി തങ്ങളുടെ പോക്കറ്റിലോ കുപ്പത്തൊട്ടിയിലോ നിക്ഷേപിക്കേണ്ടിരുന്ന എഴുത്തുകാര്‍ നമുക്കിടയിലുണ്ടാവരുത്. അതിന് തൂലിക കൂടുതല്‍ ശക്തിപ്പെടേണ്ടിയിരിക്കുന്നു. മറ്റൊരു പെരുമാള്‍ മുരുകനെ കുരിശിലേറ്റാന്‍ നാം അനുവദിച്ചുകൂടാ...
                                                                                                ലിജ വര്‍ഗീസ്‌

No comments:

Post a Comment