ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ചുക്കാന്‍പിടിക്കുന്നത് അതിന്റെ സാരഥിയായ ദര്‍ശന സാംസ്‌കാരികകേന്ദ്രം ഡയറക്ടര്‍ ഫാ. തോമസ് പുതുശേരി സിഎംഐ ആണ്. പുസ്തകോത്സവത്തെ ഒരു സാംസ്‌കാരിക സാഹിത്യ ജനകീയമേളയാക്കിമാറ്റുന്നതിന് സമര്‍ത്ഥമായ നേതൃത്വം നല്കുന്ന ഫാ. തോമസ് പുതുശേരിയുമായി നടത്തിയ അഭിമുഖം.
1. ദര്‍ശനയുടെ സാരഥി എന്ന നിലയില്‍ പുസ്തകമേളയെക്കുറിച്ച്.
എന്റെ ഏഴാമത്തെ പുസ്തകമേളയാണിത്. അക്ഷരനഗരിയെന്ന ഖ്യാതി കോട്ടയത്തിനുണ്ട്. ആ പേരിനെ മുമ്പന്നോട്ടുകൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് പുസ്തകമേള പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ 30വര്‍ഷമായി എല്ലാ മേഖലയിലുള്ളവരുടേയും സഹകരണത്തോടെ നടന്നുവരുന്ന മേളയാണിത്. പുസ്തകങ്ങള്‍ സുലഭമല്ലാതിരുന്ന കാലഘട്ടത്തില്‍ ഡിസി കിഴക്കേമുറി സാറിനേപ്പോലുള്ളവരുടെ നിതാന്തപരിശ്രമങ്ങളുടെ ഫലമായിട്ടാണ് 1985 ജനുവരിയില്‍ ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കംകുറിച്ചത്. പുതുതലമുറയുടെ വായനാശീലം വളര്‍ത്തിയെടുക്കാന്‍ ഇത്തരത്തിലുള്ള പുസ്തകമേളകള്‍ അനിവാര്യമാണ്. ദര്‍ശനയുടെ നേതൃത്വത്തില്‍ നഗരസഭയുടേയും ജില്ലാ ഭരണകൂടത്തിന്റേയും എം ജി യൂണിവേഴ്‌സിറ്റിയുടേയുമൊക്കെ സഹകരണത്തോടെയാണ് മേള നടത്തുന്നത്. പേരുപോലെതന്നെ വ്യക്തിക്കും സമൂഹത്തിനും 'ദര്‍ശനം' നല്കിക്കൊണ്ട് പുതിയ തലമുറയുടെ വളര്‍ച്ചക്കുവേണ്ടി പഴയ തലമുറയുടെ ദീപമായി ദര്‍ശന പുസ്തകമേള വര്‍ത്തിക്കുന്നു.
2. ഇ-ബുക്ക് പോലുള്ള സംവിധാനങ്ങളുടെ കടന്നുകയറ്റം ഇത്തിലുള്ള പുസ്തകമേളയുടെ പ്രസക്തി നഷ്ടമാക്കുന്നുണ്ടോ?
എപ്പോഴും എവിടെയും ലഭ്യമാകുന്നു എന്നതാണ് ഇ-ബുക്ക് സംവിധാനങ്ങളുടെ പ്രത്യേകത. കണ്ടുപിടുത്തങ്ങളുടെ വളര്‍ച്ചയാണിത്. ഇതിനെയും സ്വാഗതം ചെയ്യുന്നു. സാങ്കേതികവിദ്യയുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുകതന്നെവേണം. എങ്കിലും പുസ്തകത്തിന്റെയോ എഴുത്തുകാരന്റെയോ പ്രസക്തി ഒരിക്കലും കുറയുകയില്ല. 'ഡി റഫറന്‍സ്'- അതാണ് പുസ്തകങ്ങള്‍.
3. ഈ വര്‍ഷത്തെ മേളയുടെ പ്രത്യേകതകള്‍?
കാലികപ്രസക്തമായ വിഷയങ്ങളെ വിശകലനം ചെയ്യാനും സാഹിത്യപ്രവര്‍ത്തകരേയും പ്രസാധകരേയും ഒരേ വേദിയില്‍ കൊണ്ടുവരാനും ശ്രമിക്കുന്നു. പുസ്തകവായന, പുസ്തകപ്രകാശനം, കലാ-സാംസ്‌കാരിക പരിപാടികള്‍, കുട്ടികള്‍ക്കായുള്ള മത്സരങ്ങള്‍, ജന്മശതാബ്ദി അനുസ്മരണങ്ങള്‍, ചിത്രപ്രദര്‍ശനം, പുസ്‌കങ്ങളുമായി ബന്ധപ്പെട്ട സെമിനാറുകള്‍ ഇവയൊക്കെയാണ് ഈ വര്‍ഷത്തെ പുസ്തകമേളയുടെ പ്രത്യകതകള്‍.
4. ജാതി-രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കുവഴങ്ങി എഴുത്തുനിര്‍ത്തുന്ന പെരുമാള്‍ മുരുഗനേപ്പോലുള്ള എഴുത്തുകാരേപ്പറ്റി?
വികാരപരമായി നേരിടാതെ പ്രശ്‌നങ്ങളെ ബുദ്ധിപരമായി നേരിടാന്‍ എഴുത്തുകാര്‍ ശ്രദ്ധിക്കണം. തൂലിക എന്ന പടവാളെടുത്ത് ഒറ്റയ്ക്കുനിന്ന് പോരാടാന്‍ എഴുത്തുകാര്‍ക്ക് സാധിക്കണം. ആദര്‍ശങ്ങള്‍ക്കുമുമ്പില്‍ അടിയറവു വയ്ക്കാനുള്ളതല്ല എഴുത്ത് എന്ന കല.
എലിസാ വി. ജോണ്‍

No comments:
Post a Comment